അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടി ഖുശ്ബു

അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഖുശ്ബു. ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ ‘വുമൺ സേഫ്റ്റി ഇൻ സിനിമ’ എന്ന സെഷനിൽ സംസാരിക്കവേയായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഖുശ്ബു വ്യക്തമാക്കി.

ഇതിനെതിരെ സ്ത്രീകൾ അപ്പോൾ തന്നെ പ്രതികരിക്കണം. ‘സിനിമാ മേഖലയിൽ മാത്രമല്ല, വിമാനത്തിൽ സഞ്ചരിക്കുമ്പോഴും ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോഴും ഷെയർ ഓട്ടോയിൽ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മൾ ചൂഷണത്തിന് വിധേയരാകാറുണ്ട്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് ഖുശ്ബു അറിയിച്ചു.

ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യം. അഭിനയത്തിന്റെ ആദ്യനാളുകളിൽ തനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായകൻ ഒരിക്കൽ എന്നോടു ചോദിച്ചു, ‘ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ’ എന്ന്, അയാൾ ഉദ്ദേശിച്ച കാര്യം നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ. ഞാൻ അപ്പോൾ തന്നെ തന്റെ ചെരിപ്പ് കൈയിൽ എടുത്ത് അയാളോട് ചോദിച്ചു, ‘നിങ്ങൾക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവൻ യൂണിറ്റിന്റെയും മുന്നിൽവെച്ച് കൊള്ളണോ’ എന്ന്.’ ആ സമയത്ത് ഞാൻ ഒരു പുതിയ നടിയാണെന്നോ, ഇതെന്റെ സിനിമാ ഭാവിയെ ബാധിക്കുമോ എന്നൊന്നും താൻ ചിന്തിക്കാതെ താൻ പ്രതികരിച്ചു. തന്റെ അഭിമാനം തനിക്ക് മറ്റെന്തിനെക്കാളും വലുതാണ് എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം. നിങ്ങൾക്ക് നിങ്ങളോട് ബഹുമാനം ഉണ്ടാവണം, എങ്കിൽ മാത്രമേ മറ്റുള്ളവർക്കും നിങ്ങളോട് അതേ ബഹുമാനം ഉണ്ടാവുള്ളൂവെന്ന് താരം കൂട്ടിച്ചേർത്തു.