അദാനിക്ക് മേൽ കുരുക്ക് മുറുക്കാൻ അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡൽഹി: അദാനിക്ക് മേൽ കുരുക്ക് മുറുക്കാൻ അമേരിക്ക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷൻ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.