തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി; വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രിയങ്കാഗാന്ധിയുടെ പ്രതികരണം.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് താൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.