പാലക്കാട് ഉപതെരഞ്ഞെടുപ്പ്; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്.

ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.