വയനാട് ദുരന്തം; കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തും. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്ടിൽ ടൗൺഷിപ്പ് മാതൃകയിൽ സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം സഹിക്കാൻ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നു.

വയനാടിന്റെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഹർത്താൽ നടത്തിയത്. കേരളത്തിന്റെ പൊതുപ്രശനമായിട്ടാണ് വയനാട് ദുരന്തത്തെ എൽഡിഎഫ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തിൽ വേണമെന്നതാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. കേന്ദ്രത്തിനെതിരായ സമരത്തിൽ ആരെല്ലാം സഹകരിക്കാൻ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.