ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ നടത്തിയത് 31 ചർച്ചകൾ. ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെയുള്ള ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി. ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടന്നു. ബ്രസീലിൽ വെച്ചു നടന്ന പത്ത് ചർച്ചകളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീനൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്എ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോർജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി.

