തിരുവനന്തപുരം: കിൻഫ്ര പാർക്കുകൾക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വ്യവസായ പാർക്കുകളിലെ ശുചിത്വവും മാലിന്യപരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനായി FICCI ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്‌കാരങ്ങളിൽ എൻവയോൺമെന്റ് സസ്റ്റെയിനബിലിറ്റി ചാംപ്യൻസ് ആയി കിൻഫ്രയുടെ പാലക്കാട് ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റയിൽ പാർക്കും ഇൻഫ്രാസ്ട്രക്ചർ ചാംപ്യൻസ് വിഭാഗത്തിൽ വിജയികളായി കളമശ്ശേരി ഹൈടെക് പാർക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് രാജ്യത്തിന്റെ കൊമേഴ്‌സ് & ഇന്റസ്ട്രീസ് വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പുരസ്‌കാരം കൈമാറി. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള, കുറഞ്ഞത് 100 ഏക്കർ ഭൂവിസ്തൃതിയും 50% ഒക്യുപ്പെൻസിയുമുള്ള പാർക്കുകളെയാണ് അവാർഡിനായി പരിഗണിച്ചത്. കിൻഫ്ര പുരസ്‌കാരത്തിന് പരിഗണിക്കാൻ നാമനിർദ്ദേശം ചെയ്ത രണ്ടു പാർക്കുകളും നേട്ടം കൈവരിച്ചുവെന്നത് അഭിമാനകരമാണ്. ദക്ഷിണേന്ത്യയിലെ മികച്ച പാർക്കുകളിലൊന്നായി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട പാർക്ക് കൂടിയാണ് കളമശ്ശേരി ഹൈടെക് പാർക്ക്. കൂടുതൽ നിക്ഷേപങ്ങൾ കിൻഫ്ര പാർക്കുകളിലേക്ക് എത്തുന്നതിന് ഈ പുരസ്‌കാരനേട്ടം സഹായകമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

