ചെന്നൈ: തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമ നിർമ്മാതാക്കളുടെ സംഘടന. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയേറ്റർ ഉടമകളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പടം ഇറങ്ങുന്ന ആദ്യ ദിവസം തന്നെ റിവ്യൂ നൽകി ആ ചിത്രത്തെ നശിപ്പിക്കുന്നുവെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം.
റിവ്യൂവിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാപകമാണെന്നും ഇവർ പരാതിപ്പെടുന്നു. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടു, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെ ആദ്യ ദിവസത്തെ മോശം തിയേറ്റർ റിവ്യൂകൾ ബാധിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സിനിമയിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ ഏവർക്കും അവകാശമുണ്ട്. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കലും സിനിമയെ അപ്പാടെ നശിപ്പിക്കുന്നതും അനുവദിക്കാനാകില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.