നാഗചൈതന്യയുമായുള്ള വിവാഹം; വരന്റെ കുടുംബത്തിനായി തന്റെ ഇഷ്ടങ്ങള്‍ മാറ്റിവെച്ച്‌ ശോഭിത

നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹത്തിന് ഇനി അധിക ദിവസമില്ല. ഡിസംബർ നാലിന് അന്നപൂർണ സ്റ്റുഡിയോയി വെച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം നടക്കുക. വിവാഹത്തിന് സ്വാഭാവിക മേക്കപ്പിലാണ് ശോഭിത പ്രത്യക്ഷപ്പെടാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാഗ ചൈതന്യയുടെ മുത്തച്ഛന്റെ പാരമ്പര്യത്തെ മാനിച്ചാണ് പരമ്പരാഗതമായി സ്വാഭാവികമായ മേക്കപ്പിൽ ശോഭിത പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്.

പൊതുവെ മേക്കപ്പിന്റെ കാര്യത്തിലൊന്നും കോംപ്രമൈസിന് തയ്യാറാവാത്ത ശോഭിത ഇങ്ങനൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് നാഗചതൈന്യയുടെ കുടുംബത്തിന്റെ താൽപര്യങ്ങൾ നടക്കട്ടേയെന്ന് ചിന്തിച്ചതുകൊണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടിയുടെ ആഗ്രഹവും നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ശോഭിത. നാഗചൈതന്യയുടെ അമ്മയുടെ ആഗ്രഹപ്രകാരം ശോഭിത വിവാഹ ദിവസം വിദേശ ബ്രാൻഡുകളല്ല പകരം കാഞ്ചീവരം സാരികൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.

വിവാഹച്ചടങ്ങിൽ ശോഭിതയ്ക്ക് അണിയാൻ ലക്ഷ്മി തന്റെ ആഭരണങ്ങളിൽ നിന്ന് കുറച്ച് നൽകുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബത്തിന്റെ തീരുമാനങ്ങളെ ശോഭിത സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ശോഭിത നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.