ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാം; മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാം. മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രിന്റഡ് ലൈസൻസ് വേണ്ടവരാണ് പോസ്റ്റൽ ചാർജ് ഉൾപ്പെടെ അടയ്‌ക്കേണ്ടത്. അതിന്റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കിൽ ലൈസൻസ് സ്വയം പ്രിൻറെടുത്ത് സൂക്ഷിക്കാമെന്നും ക്യുആർ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസൻസ് കിട്ടാൻ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസൻസ് ഡിജിറ്റലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.