അർജന്റീന ടീമിന്റെ കേരള സന്ദർശനം; മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ഒരുമിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ്വു പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോർട്‌സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.