തിരുവനന്തപുരം: രാജ്യത്തിന് വീണ്ടും അഭിമാനമായി കേരളം. കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനമായി കേരളവും മികച്ച മറൈൻ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകൾ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധനവ്, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.
തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാനും സർക്കാർ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരങ്ങൾ. കടൽ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്‌കാരലബ്ധി. ഈ നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

