വിമർശനം സഹിക്കാനാകുന്നില്ലെങ്കിൽ തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടിയെ ലീ​ഗ് പ്രസിഡന്റാക്കണം; കെ ടി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരും. വിമർശിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പി ലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

പാണക്കാട് പ്രേമികൾക്ക്’ വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിന്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്. പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ”ഖാളി ഫൗണ്ടേഷനി’ലും പരിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയും പോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നതെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.