ഇന്ന് തന്നെ ശമ്പളം കിട്ടുമെന്ന് അറിഞ്ഞിട്ടും ടിഡിഎഫ് സമരം നടത്തിയത് അന്തസ്സില്ലാത്ത പ്രവർത്തനം; വിമർശനവുമായി കെ ബി ഗണേഷ്കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളവുമായി ബന്ധപ്പെട്ട് ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഇന്നുതന്നെ ശമ്പളം കൊടുക്കുമെന്ന് ടിഡിഎഫിന് അറിയമായിരുന്നിട്ടം സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടിഡിഎഫ് പ്രതിനിധികൾക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയത്. ഫിനാൻസ് ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുകൊണ്ടാണ് സമരം നടത്തിയത്. ഇത് ഇന്നത്തെ ശമ്പള വിതരണത്തെ ബാധിച്ചു. രാവിലെ തന്നെ ശമ്പളം കൊടുക്കാനാവുമായിരുന്നു. അന്തസ്സുള്ള ട്രേഡ് യൂണിയൻ പ്രവർത്തനമല്ല ഇത്. യുഡിഎഫ് പറഞ്ഞിട്ടാണ് ടിഡിഎഫ് ഇന്ന് സമരം നടത്തിയത്. ഇത് യുഡിഎഫിന് വേണ്ടിയുള്ള വിടുപണിയാണെന്നും കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.