തിരുവനന്തപുരം: ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ്. 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയിൽ അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷൻസ് മേധാവി ഉമാ നായർ പറഞ്ഞു.
കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാർഗനിർദേശപ്രകാരം ഒരു വനഭൂമി വിട്ടുനൽകണമെങ്കിൽ അതിന് പരിഹാരവനവത്ക്കരണത്തിനായി തുല്യമായ ഭൂമി വനംവകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകണം. ഇതിന്റെ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കൊല്ലം ജില്ലാ കളക്ടർക്ക് സർക്കാർ നിർദേശം നൽകി.
പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് 250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്.
2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ൽനിന്ന് 80 ആയി കുറഞ്ഞതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘പകരം ഭൂമി നൽകുന്ന പ്രശ്നം പരിഹരിച്ചുകഴിഞ്ഞു. ഇനി ഇപ്പോൾ പകരം ഭൂമി നൽകുന്നതിന്റെ കടലാസ്സുകൾ ശരിയായി കഴിഞ്ഞാൽ ഫൈനൽ ക്ലിയറൻസിന് വനംവകുപ്പ് അപേക്ഷ നൽകും. അത് ലഭിക്കുന്ന മുറയ്ക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകും. നിർമാണപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നാല് മുതൽ ആറുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. നിർമാണക്കാലയളവ് 24 മാസമായിരിക്കും. മഴയുള്ള സമയത്തും നട തുറന്നിരിക്കുന്ന കാലത്തും ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകും’, റോപ്പ് വേ ഓപ്പറേഷൻസ് മേധാവി ഉമാ നായർ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചു.

