തിരക്കിൽ വൈകിയെത്തുമെന്നതിൽ സ്വാമിമാർക്ക് ആശങ്ക വേണ്ട; പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുതയെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: തിരക്കിൽ വൈകിയെത്തുമെന്നതിൽ സ്വാമിമാർക്ക് ആശങ്ക വേണ്ട. പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുതയുണ്ടെന്ന് കെഎസ്ആർടിസി. പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ശബരിമലയിലെ തിരക്ക് കാരണം തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത യാത്രക്കാർക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണ്. ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ID കാർഡ് പരിശോധനയ്ക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.