നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതിൽ നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങൾക്ക് സഹായം നൽകി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങളും ചർച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു.