പറ്റ്‌ന: ബിഹാറിൽ 12,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ദർഭംഗയിൽ നിർമിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കർപ്പൂരി ഠാക്കൂറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. രാജ്യത്തെ എയിംസ് ആശുപത്രികളുടെ എണ്ണം 24 ആയി വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒരു ലക്ഷം മെഡിക്കൽ സീറ്റുകളാണ് പുതിയതായി കൂട്ടിച്ചേർത്തത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂടി അനുവദിക്കും. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ പദ്ധതിയുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് അസുഖം വന്നാൽ തന്നെ കുടുംബത്തിന്റെ താളം തെറ്റും. സമാന സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ള തനിക്ക് ഇത് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

