മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുസ്ലീങ്ങൾക്ക് സംവരണം നൽകേണ്ടി വന്നാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും. രാഹുൽ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാൽപ്പോലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ സാധിക്കില്ല. ആർക്കും ഭയമില്ലാതെ ഇപ്പോൾ കശ്മീർ സന്ദർശിക്കാം. പത്തുവർഷത്തെ സോണിയ – മൻമോഹൻ സിങ് ഭരണത്തിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന ആർക്കും സ്വതന്ത്രമായി ബോംബ് സ്ഫോടനം നടത്താമായിരുന്നു. എന്നാൽ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

