ന്യൂഡൽഹി: രാജ്യത്ത് ഇനി വിവാഹക്കാലം. ഡിസംബർ 16 വരെ രാജ്യത്ത് നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ പ്രതീക്ഷ.
കഴിഞ്ഞ വർഷം നവംബർ – ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ, ഇത്തവണ ഇത് 18 ദിവസങ്ങളുണ്ട്. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസൺ പുനരാരംഭിച്ച് മാർച്ച് വരെ ഉണ്ടാകും.
ടെക്‌സ്‌റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസൺ പുത്തനുണർവ് നൽകുമെന്ന് സിഎഐടിയു സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.

