സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയങ്ങളല്ല; വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണ് കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പി പി ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയെന്ന് പറയുന്നവർ ദിവ്യ ജയിൽ മോചിതയായപ്പോൾ എന്തിനാണ് സ്വീകരിക്കാൻ പോയത്. നവീൻ ബാബുവിനെ നാവ് കൊണ്ട് കൊലപ്പെടുത്തിയ പ്രതിയാണ് സിപിഎമ്മിന്റെ ആളായ ദിവ്യ. പാർട്ടിയിലെ സഹയാത്രികരായ ആളുകളെ വരെ സിപിഎം വഞ്ചിക്കുകയാണ്.

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും അവർക്ക് ഗൗരവകരമായി തോന്നുന്നില്ല. നവീൻ ബാബുവിന്റെ കുടുംബം നേരിട്ട ആഘാതത്തിന് പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. നവീൻ ബാബുവിന്റെ വീട്ടിൽ പോയി കരഞ്ഞ റവന്യൂ മന്ത്രിയ്ക്ക് മിണ്ടാട്ടം മുട്ടി പോയോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.