ബോൾഗാട്ടി കായലിൽ സീപ്ലെയിൻ പറന്നിറങ്ങി; പദ്ധതി ഉദ്ഘാടനം നാളെ

കൊച്ചി: ബോൾഗാട്ടി കായലിൽ സീപ്ലെയിൻ പറന്നിറങ്ങി. ചരിത്രത്തിലാദ്യമായാണ് കൊച്ചിയുടെ ജലപ്പരപ്പിലേക്ക് വിമാനമിറങ്ങിയത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും. വിനോദസഞ്ചാരികൾക്കായി തുടങ്ങുന്ന സി പ്ലെയിൻ കൊച്ചി ബോൾഗാട്ടി മറീനക്ക് സമീപമാണ് ഇറങ്ങിയത്. നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. നവംബർ 11 രാവിലെ 9.30ന് വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

10 ന് ബോൾഗാട്ടി മറീനയിൽ പാർക്ക് ചെയ്യുന്ന എയർക്രാഫ്റ്റ് മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്ദുൾ കലാം മാർഗിൽ നിന്നും കാണാനാകും. നേവി, കൊച്ചിൻ പോ4ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ4വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്‌ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ4ത്തിയായിട്ടുണ്ട്.

രണ്ട് മീറ്റർ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നതിനാവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാൽ തികച്ചും സുരക്ഷിതമായിരിക്കും പറക്കൽ. വേലിയേറ്റ സമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നത്.