സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നു; ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ. സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എന്തുചെയ്യണമെന്ന് സർക്കാർ ആലോചിക്കുന്നത് എന്തിനാണ്. ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനെ കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും തീരുമാനമെടുക്കുന്നത് അവരാണോ. അത് അവരല്ലെന്നും മറിച്ച് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ സംബന്ധിച്ച് അവസാനവാക്ക് ഭക്തരുടേതാണ്. മത ഇതര കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.