ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ ഡയറി; അഭിമാന നേട്ടവുമായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ) മാറി. മിൽമ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി പങ്കെടുത്തു.

പ്രതിസന്ധികളെ എങ്ങിനെ അനുകൂലമാക്കാം എന്നതിന്റെ നേർക്കാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സൗരോർജ പ്ലാന്റെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ചതുപ്പു നിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാർ പാനൽ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള പാലുൽപ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബും, ഇടപ്പള്ളി പ്ലാന്റിന്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദേശപര്യടനത്തിലായിരുന്ന മന്ത്രി ഓൺലൈനായാണ് ചടങ്ങിനെ അഭിസംബോധന ചെയ്തത്.

കെ ബാബു എംഎൽഎ, എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് സി ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, എംഡി വിൽസൺ ജെ പുറവക്കാട്ട്, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികൾ, എൻഡിഡിബി-നബാർഡ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്. ഡയറി പ്രോസസിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് സ്‌കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയന്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

ഡയറി കോമ്പൗണ്ടിലെ തടാകത്തിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ളോട്ടിംഗ് സോളാർ പാനലുകൾ, കാർപോർച്ച് മാതൃകയിൽ സജീകരിച്ച 102 കിലോ വാട്ട് സോളാർ പാനലുകൾ, ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാർ പാനലുകൾ എന്നീ രീതിയിലാണ് സോളാർ പ്ലാന്റ് ക്രമീകരണം.

മിൽമയുടെ സരോർജ്ജ നിലയം പ്രതിവർഷം 2.9 ദശലക്ഷം യൂണിറ്റുകൾ (ജിഡബ്ല്യുഎച്) ഹരിതോർജ്ജം ഉൽപ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവർഷം 1.94 കോടി രൂപ ഊർജ്ജ ചെലവ് ഇനത്തിൽ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാന്റ് വഴി ഓരോ വർഷവും ഏകദേശം 2,400 മെട്രിക് ടൺ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ~ഒരുലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണ്. പകൽ സമയങ്ങളിൽ ഡെയറിയുടെ മുഴുൻ ഊർജ ആവശ്യകതയും നിറവേറ്റുകയും ഡിസ്‌കോമിന്റെ കൈവശമുള്ള മിച്ച ഊർജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

അനെർട്ട് ആണ് പ്രൊജക്ടിന്റെ സാങ്കേതിക മേൽനോട്ടം വഹിച്ചത്. കെ.സി കോപർ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സോളാർ പാനലുകൾ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിർവഹിക്കുകയും ചെയ്തു. ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെർക് ഹാഫ് കട്ട് മൊഡ്യൂളുകൾ, ഓസ്ട്രിയയിൽ നിന്നുള്ള ഫ്രോണിയസ് ഇൻവെർട്ടറുകൾ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകൾ), മണിക്കൂറിൽ 150 കിലോമീറ്റർ വരെ കാറ്റിന് പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്ത ഗാൽവനൈസ്ഡ് അയൺ മൗണ്ടിംഗ് ഘടനകൾ എന്നിവയാണ് പ്ലാന്റിൽ ഉള്ളത്. തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സ്‌കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.