തൃശ്ശൂർ: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേമത്ത് ഡീലിന്റെ ഭാഗമായാണ് ബിജെപി അക്കൗണ്ട് തുറന്നത്. അവിടെ കോൺഗ്രസ് വോട്ടുകൾ കാണാതായി. കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കിൽ നേമത്ത് ബിജെപിക്ക് അക്കൌണ്ട് തുറക്കാൻ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.
തൃശ്ശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താൽ കാര്യം മനസ്സിലാകും. കോൺഗ്രസ് അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാർത്ഥിയാക്കി. 2019 ഇൽ കിട്ടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണ്. ബിജെപി- കോൺഗ്രസ് മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എൽഡിഎഫാണെന്നും പിണറായി കൂട്ടിച്ചേർത്തു.

