തിരുവനന്തപുരം: സംസ്ഥാനത്ത് സീപ്ലെയിൻ സർവീസ് നവംബർ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്. കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
ഫ്ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും. നവംബർ 10ന് ഉച്ചയ്ക്ക് 2നാണ് ‘ഡിഹാവ്ലാൻഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടർന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തും. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.
സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇത് ഊർജ്ജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കും. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനും അനുഭവവേദ്യ ടൂറിസത്തിൻറെ ഭാഗമാകാനും സഞ്ചാരികൾക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേർന്നാണ് ഡിഹാവ്ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്. സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.

