ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമർശിച്ചു. കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തിൽ വന്നത് നുണ പരത്തിയെന്നും അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാർട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി SC-ST-OBC വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.
കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവർ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

