പാതിരാ റെയ്ഡ്; എസ് പി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

പാലക്കാട്: പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാർച്ച് സംഘർഷം.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നൂറുകണക്കിനുപേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു.

രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിന് മുന്നോടിയായി കോട്ടമൈതാനിയിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടർന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കുകയായിരുന്നു.