പാലക്കാട്: ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽമാങ്കൂട്ടത്തിൽ. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭർത്താവിനൊപ്പം താമസിച്ചിരുന്നതിനാൽ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനൽകി. എന്നാൽ ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുൽ വ്യക്തമാക്കി.
രാത്രി പന്ത്രണ്ടരയാകുമ്പോൾ ഷാനിമോളുടെ മുറിയിലേക്ക് നാല് പുരുഷ പോലീസുകാർ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോൾ പറഞ്ഞത്. അവർ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാർ വന്ന് നടത്തിയ പരിശോധനയിൽ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാർ വനിതാ പോലീസില്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ പോലീസിന് പരിശോധിക്കുകയും വേണ്ട, സി.പി.എമ്മിന് സമരവും ചെയ്യേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

