നീലേശ്വരം സ്ഫോടനം; മരണപ്പെട്ടവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ വീതം അനുവദിക്കും

തിരുവനന്തപുരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട നാലുപേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശികളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് 2021 മെയ് 7ന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 07.11.2024 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 07.05.2023 ന് ഉണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരത്തിൽ ദുരന്തങ്ങൾ ഒഴിവാക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കുന്നതിന് 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബർ 12 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകി വിജ്ഞാപനം പുറപ്പെടുവിക്കും.

സർക്കാർ ഗ്യാരന്റി

കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം ബാങ്കുകളിൽ നിന്നും സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കും.

മുദ്രവില ഒഴിവാക്കും

കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഈടായി നൽകി കെ.ടി.ഡി.എഫ്.സിയുടെ വായ്പാവിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നൽകും.

ടെണ്ടർ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ വൈ.എം.സി.എ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.

തസ്തിക

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കും.
സാധൂകരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരിത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് 17 തസ്തികകൾ ഒരു വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിച്ച് സ്പെഷ്യൽ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു.

അനുമതി നൽകി

കൊല്ലം കെ.എം.എം.എല്ലിന്റെ 5 ഏക്കർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനു നൽകി അയൺ ഓക്സൈഡ് റസിഡ്യൂ പ്രോസസ്സിംഗ് പ്ലാന്റ്, ഇ.ടി.പി. സ്ലഡ്ജ് പ്രോസസ്സിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറിൽ ഏർപ്പെടാൻ കെ.എം.എം.എൽ ഡയറക്ടർക്ക് അനുമതി നൽകി.