പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ. പാർട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
താൻ ഇപ്പോഴും ബിജെപി പ്രവർത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ അറിയിച്ചു. സിപിഎമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവിൽ ബിജെപിയുടെ പ്രവർത്തകനാണ് താൻ. അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവർക്ക് ബോധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയിൽ ഇനി പ്രതീക്ഷയില്ല. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞത്. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യർ പ്രതികരിച്ചത്.

