വ്യോമസേന വിമാനം തകർന്നു വീണു; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ന്യൂഡൽഹി: ആഗ്രയിൽ വ്യോമസേന വിമാനം തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനമാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.