ദിവസം 30 മിനിറ്റ് നടക്കൂ; ആരോഗ്യ ഗുണങ്ങൾ ചില്ലറയൊന്നുമല്ല

ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നടത്തം വളരെ നല്ലതാണ്. ദിവസം 30 മിനിറ്റ് നടന്നാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയൊന്നുമല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കും. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായകമാണ്. ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ഊർജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നടത്തം ഗുണം ചെയ്യും.

പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറഞ്ഞ് മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നടത്തത്തിലൂടെ കഴിയും.