നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് ആണ് മരിച്ചത്. 38 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് അപകടം സംഭവിച്ചത്. 154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ കേസിൽ വധശ്രമം കൂടി ഉൾപ്പെടുത്തി.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘാടകർ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.