തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്. ദിനംപ്രതി കോൺഗ്രസിന്റെ വിവിധ നേതാക്കൾ അവരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ കള്ള പ്രചാരവേലകൾ ജനങ്ങളിൽ ഏശാത്ത നിലയിൽ വന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെപിസിസി പ്രസിഡന്റ് പരസ്യമായി ആഹ്വാനം നൽകുന്നത്. നേരത്തെ തങ്ങൾക്ക് വോട്ട്ചെയ്തില്ലെങ്കിൽ ശക്തമായി അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകരെ പൊലും ഭീഷിണിപ്പെടുത്തുന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് തരംതാണിരിക്കുകയാണ്. ഇത്തരം നിലപാടുകൾക്ക് എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

