3.6 കോടി രൂപ വില; മെഴ്സിഡീസ് ബെൻസിന്റെ ജി വാഗൺ സ്വന്തമാക്കി ഫഹദ് ഫാസിൽ

ആഡംബര വാഹനമായ മെഴ്സിഡീസ് ബെൻസിന്റെ ജി വാഗൺ സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ. ഏകദേശം 3.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബെൻസ് നിരയിലെ ഏറ്റവും കരുത്തൻ എസ്‌യുവി ജി വാഗണിന്റെ പെർഫോമൻസ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്.

നാലു ലിറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതിയാകും.220 കിലോമീറ്ററാണ് ഉയർന്ന വേഗം. ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പ്രത്യേക താത്പര്യമുണ്ട്. ലാൻഡ് റോവർ ഡിഫൻഡറും ലംബോർഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് – നസ്രിയ ദമ്പതികൾ സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണും ഫഹദിന്റെ ഗാരിജിനു അലങ്കാരമാകാൻ എത്തിയിരിക്കുന്നത്.