കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. പുത്തൻകുരിശിൽ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസിൽ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

