തിരുവനന്തപുരം: രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഈ സർക്കാരിന്റെ കാലത്ത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകമായ പ്രാധാന്യം കൊടുത്തു കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതിന്റെ മാറ്റങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഓരോന്നോരോന്നായി ഉണ്ടാകുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ നമ്മുടെ മെഡിക്കൽ കോളേജും ദന്തൽ കോളേജും ഒക്കെ ഉൾപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെയാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ എണ്ണത്തിലും. നഴ്സിങ് മേഖലയിൽ 451 സർക്കാർ സീറ്റുകൾ മാത്രമാണ് ഈ സർക്കാരിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇന്നത് 1025 ആണ്. എംബിബിഎസ് സീറ്റുകളിലും പിജി സീറ്റുകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. ജനറ്റിക്സ്, ഫീറ്റൽ മെഡിസിൻ, ജെറിയാട്രിക്സ് തുടങ്ങിയ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ ന്യൂറോളജിയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ സാധിച്ചു. ഇപ്പോൾ മറ്റൊരു അഭിമാനകരമായ കാര്യം കൂടി പങ്കുവയ്ക്കുകയാണ്. ആദ്യമായി ചില സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ കേരളത്തിന് പിജി അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്‌പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

