കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയത്; സുരേഷ് ഗോപി

തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി അറിയിച്ചു.

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കിൽ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനം തനിക്ക് വോട്ട് ചെയ്തതിന് പ്രധാനകാരണം കരുവന്നൂർ ആണ്. അതിലെ തട്ടിപ്പ് മറയ്ക്കാൻ പൂരമല്ല അതിന്റെ വകഭേദങ്ങളും ഉപയോഗിക്കും. മുനമ്പം വിഷയം പോലെ സത്യം വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് പേടിയുണ്ടോ. സഹകരണനിയമം അമിത് ഷാ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിന്നില്ല. അതുകൊണ്ടാണ് താൻ നിങ്ങളെ കരുതാത്തത്. ജനങ്ങൾക്ക് ആവശ്യമുള്ളതല്ല നിങ്ങൾ ചോദിക്കുന്നതും കൊടുക്കുന്നതും. നിങ്ങൾ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയമാണ്. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. മാധ്യമപ്രവർത്തകർ എന്ന് പറഞ്ഞ് നടക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ഇനി ഉടനെ ഇതും അവഹേളിക്കാലാണെന്ന് പറയരുത്. സത്യമാണ് പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു,