മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സൂര്യ

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. 18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ വ്യക്തമാക്കി.

എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്‌കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും താരം പറഞ്ഞു.

ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായത് സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് താൻ കരുതുന്നു. അവളുടെ മാതാപിതാക്കളിൽ നിന്നും അവളുടെ ജീവിതശൈലിയിൽ നിന്നും അവൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. എന്തിന് തനിക്ക് മാത്രം എല്ലാം ലഭിക്കണം. അതായിരുന്നു തന്റെ ചിന്തയെന്നും സൂര്യ കൂട്ടിച്ചേർത്തു.