തിരുവനന്തപുരം: കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
ഭിന്നശേഷി നിയമപ്രകാരം ജോലി
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ് എസിലെ എൽ പി സ്‌കൂൾ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർവ്വീസിൽ തുടരാൻ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതൽ ജോലിയിൽ പ്രവേശിക്കുവാൻ പ്രാപ്തയാകുന്ന തീയതി വരെയോ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എൽ പി സ്‌കൂൾ അസിസ്റ്റന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക വെങ്ങാനൂർ സർക്കാർ മോഡൽ എച്ച് എസ് എസിൽ സൃഷ്ടിക്കുക.
ദർഘാസ് അംഗീകരിക്കും
കാസർകോട് ബെല്ലൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതൽ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈൻ, കെ ആർ എഫ് ബിയുടെ ഡെപ്പോസിറ്റ് വർക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദർഘാസ് അംഗീകരിക്കാൻ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുമതി നൽകി.
മുദ്രവില ഒഴിവാക്കി
കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിന്നും 01.01.2012 മുതൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കർ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.
അനുമതി നൽകി
കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷൻ മുതൽ കക്കംവെള്ളിക്കുന്ന് ജി എൽ എസ് ആർ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിൻ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാർ നൽകുവാൻ അനുമതി നൽകി.
ടെണ്ടർ അംഗീകരിച്ചു
ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവർത്തിക്കായി സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചു.
അങ്കമാലി നിയോജക മണ്ഡലത്തിൽ കിഫ്ബി സഹായത്തോടെ പാർട്ട് 1 പാക്കേജ് 2 ൽ ഉൾപ്പെടുത്തി ജലവിഭവ ജോലികൾക്കുള്ള ടെണ്ടർ അംഗീകരിച്ചു.

