പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റേത് കർഷക വിരുദ്ധ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാ ലോബിയെ സഹായിച്ച് പിണറായി സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനം കർഷകരെ ഉപദ്രവിക്കുകയാണ്. കഷ്ടപ്പെട്ട് നെല്ലുണ്ടാക്കി കാത്തിരിക്കുന്ന കർഷകരിൽ നിന്നും നോക്കു കൂലി ഈടാക്കുന്നു. കർഷകർക്ക് നൽകാനുള്ള ഇൻസെന്റീവ് കേരളം കുറയ്ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇതൊന്നും നടക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രത്തിൽ നിന്നും തുക കൃത്യമായി ട്രഷറിയിൽ എത്തുന്നുണ്ട്. എന്നാൽ ആ പണം പോലും സംസ്ഥാനം കർഷകർക്ക് നൽകുന്നില്ല. കേന്ദ്രം ഘട്ടം ഘട്ടമായി താങ്ങുവില ഉയർത്തുന്നതിന്റെ പ്രയോജനം ഇവിടത്തെ കർഷകർക്ക് ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിന് മറ്റ് സംസ്ഥാനങ്ങളിലെ അരി ലോബികളെ സഹായിക്കാനാണ് താത്പര്യമെന്നും വൻ കമ്മീഷനാണ് ഈയിനത്തിൽ കൈപ്പറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

