300 കോടി രൂപ; താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോഡ് സൃഷ്ടിച്ച് അല്ലു അർജുൻ

ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോഡ് സൃഷ്ടിച്ച് തെലുങ്ക് താരം അല്ലു അർജുൻ. പുഷ്പ 2-വിനായി അല്ലു അർജുൻ പ്രതിഫലമായി വാങ്ങിയത് 300 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറിയതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.

ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. 500 കോടി രൂപയാണ് പുഷ്പ 2 ന്റെ നിർമ്മാണ ചെലവ്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.