ഡിസംബറിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ; സമന്വയം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

തിരുവനന്തപുരം: സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയും വികസനവും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് സമന്വയം പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളിലെയും തൊഴിൽ രഹിതരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിഴിഞ്ഞം, കോവളം പ്രദേശങ്ങളിൽ നിന്നായി 850 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം ബി ആർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം അഭ്യസ്തവിദ്യരെ തൊഴിൽ രംഗത്തെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. എം വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗങ്ങളായ പി.റോസ, എ. സൈഫുദ്ദീൻ ഹാജി, കൗൺസിലർമാരായ പനിയടിമ, സമീറ എസ് മിഹ്ദാദ്, നിസാമുദ്ദീൻ എം, സംഘടക സമിതി ചെയർമാൻ എ.ആർ അബുസാലി, കൺവീനർ എസ് ആന്റണി എന്നിവരും പങ്കെടുത്തു. തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.