പാലക്കാട്: യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ അഗ്നിപർവതം പുകയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. പി സരിന്റെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കും. വോട്ടർമാർക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയതു കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിന്റെ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കി. പരാമർശം വിവാദമായതോടെ സരിൻ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നുമായിരുന്നു സരിന്റെ വിശദീകരണം.
സരിൻ വിശദീകരിച്ചു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ അഭിപ്രായപ്പെട്ടു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.

