മോസ്‌കോ: ബോളിവുഡ് സിനിമകൾക്ക് റഷ്യയിൽ മികച്ച സ്വീകാര്യതയുണ്ടെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. റഷ്യക്കാർ ഭൂരിഭാഗവും ബോളിവുഡ് സിനിമകളുടെ ആരാധകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമാ വ്യവസായത്തിന് റഷ്യൻ വിപണിയിലുള്ള സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതിനായി വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യൻ സിനിമകൾക്കാണ് മറ്റേത് ബ്രിസ്‌ക് രാജ്യങ്ങളിലെയും വിനോദ പരിപാടികളെക്കാൾ റഷ്യയിൽ പ്രചാരം കൂടുതലുള്ളത്. റഷ്യയിൽ ബോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യാൻ വേണ്ടി പ്രത്യേകം ടിവി ചാനലുകളുണ്ട്. അവയിൽ 24 മണിക്കൂറും ഇന്ത്യൻ സിനിമകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സിനിമാ നിർമ്മാണവും ഫിലിം ഇൻഡസ്ട്രിയും സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. അത് കൃത്യമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ തങ്ങളുടെ വിപണിയെ സംരക്ഷിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഫിലിം മേക്കേഴ്‌സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

