റായ്പൂർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. മഹാരാഷ്ട്രയിലെ സതാര സ്വദേശിയായ അമർ പൻവർ (36), കർണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സ്‌ഫോടനത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ഗ്രാമത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
മൊഹന്ദി, ഇരക്ഭട്ടി, ഓർച്ച ഏരിയകളിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ചേർന്ന് നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിന് ശേഷം മടങ്ങി വരികയായിരുന്ന പട്രോളിംഗ് സംഘം സഞ്ചരിച്ച വാഹനം ഐഇഡി പൊട്ടിത്തെറിച്ച് തകരുകയായിരുന്നു.

