സ്വർഗത്തിൽ നിന്ന് അവർക്ക് എന്റെ സിനിമകൾ കാണാൻ കഴിയും; മാതാപിതാക്കളെ ഓർത്ത് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വേർപാട് തന്നെയാണ്. തന്റെ കൗമാര പ്രായത്തിൽ തന്നെ ഷാരൂഖ് ഖാന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. മിർ താജ് മുഹമ്മദ് ഖാനാണ് ഷാരൂഖിന്റെ പിതാവ്. ലത്തീഫ് ഫാത്തിമയാണ് താരത്തിന്റെ അമ്മ.

തന്നെ ബിഗ്‌സ്‌ക്രീനിൽ കാണാൻ അവർ ഒപ്പമില്ല എന്നത് അദ്ദേഹത്തിന്റെ വലിയ വേദനകളിലൊന്നാണ്. താൻ ചെയ്യുന്ന സിനിമകൾ സ്വർഗത്തിൽ നിന്ന് അവർക്ക് കാണാൻ കഴിയുമെന്ന് പറഞ്ഞാണ് താരം ആശ്വസിക്കുന്നത്.

താൻ സിനിമയിലെത്തുമ്പോഴേക്കും തന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. ചില കാരണങ്ങളാൽ, താൻ വളരെ വലിയ സിനിമകൾ ചെയ്യുമെന്ന് തനിക്ക് എപ്പോഴും തോന്നിയിരുന്നു. സ്വർഗത്തിൽ നിന്ന് അവർക്ക് എന്റെ സിനിമകൾ കാണാൻ കഴിയും. അമ്മ ആകാശത്തിലെ നക്ഷത്രമായി മാറിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇത് ബാലിശമാണെന്ന് തോന്നിയേക്കാമെന്നും ദേവദാസിൽ തന്നെ കാണുന്നത് തന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവദാസ് ചെയ്യുമ്പോൾ അത് ചെയ്യരുതെന്ന് മുതിർന്ന അഭിനേതാക്കൾ പലരും തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാനത് ചെയ്യാൻ ആഗ്രഹിച്ചു. അമ്മേ, ഞാൻ ദേവദാസ് ചെയ്തുവെന്ന് പറയാൻ വേണ്ടിയായിരുന്നു അതെന്ന് ഷാരൂഖ് പറയുന്നു.