ജാഗ്രത; പ്രമുഖ തൊഴിൽദാതാക്കളുടെ വെബ്‌സൈറ്റുകൾ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ്

തിരുവനന്തപുരം: പ്രമുഖ തൊഴിൽദാതാക്കളുടെ വെബ്‌സൈറ്റുകൾ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വെബ് സൈറ്റിൽ നിന്ന് അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ ഇവരെ ബന്ധപ്പെടുകയും തൊഴിൽ നൽകാമെന്ന പേരിൽ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടർന്ന് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകൾ അയച്ചു നൽകി അവരെ വിശ്വസിപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ജോലിയിൽ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിൻറെ സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാർ നൽകുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് അടിയന്തരമായി നേടാൻ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാർത്ഥികൾ വ്യാജ വെബ്‌സൈറ്റ് സന്ദർശിക്കുകയും അതിൽ ആവശ്യപ്പെടുന്ന തുക സർട്ടിഫിക്കറ്റ് ഫീസായി നൽകുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാർത്ഥികളുടെ പണം തട്ടിപ്പുകാർ കൈക്കലാക്കി കഴിഞ്ഞു. തുടർന്ന് തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടാൻ കഴിയാതെവരുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാകുന്നത്.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ചോ സൈബർ പോർട്ടൽ മുഖേനയോ പരാതിപ്പെടാവുന്നതാണ്.