ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് കാർത്തിക് ആര്യൻ. എപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒമ്പതുകോടി രൂപ പ്രതിഫലം നൽകാമെന്നുള്ള പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ചത് ഉൾപ്പടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. താരം ‘പിങ്ക് വില്ല’യ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രതിഫലത്തിനുവേണ്ടി മാത്രമാണ് സിനിമ ചെയ്തിരുന്നതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. എന്നാൽ, ഏത് ചിത്രമാണ് അത്തരത്തിൽ ചെയ്തതെന്ന് പറയില്ല. അന്ന് സാമ്പത്തിക പ്രയാസം നേരിട്ടതിനാലാണ് ആ സിനിമ ചെയ്യേണ്ടിവന്നത്. അധികകാലം സിനിമകൾക്കായി കാത്തിരിക്കാൻ തനിക്ക് കഴിയില്ലായിരുന്നു. വേറെ ഒരു മാർഗവും അന്ന് ഇല്ലായിരുന്നു. അങ്ങനെ ഒരിക്കൽ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവന്നുവെന്ന് കാർത്തിക ആര്യൻ ചൂണ്ടിക്കാട്ടി.
എല്ലാം ഒരു കണക്കുകൂട്ടലും ബിസിനസ്സുമാണ്. അത്തരം കണക്കുകൂട്ടലുകളെല്ലാം ശരിയാണെങ്കിൽ സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് പകർപ്പ് അവകാശങ്ങളിലൂടെ നിർമാതാവിന് ലാഭം ലഭിക്കും. പ്രേക്ഷകർ ആ നടനായി വരുന്നുണ്ടെങ്കിൽ അത്തരം കണക്കുകൂട്ടലുകൾ അർഥവത്താകുമെന്നും ആര്യൻ അഭിപ്രായപ്പെട്ടു.

